കോട്ടയം : കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമൂവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവർക്കാണ് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. 6 ജൂനിയർ വിദ്യാർഥികളാണ് റാഗിങിന് ഇരയായത്.
ഫ്രെബ്രുവരി 11 നാണ് പ്രതികൾ അറസ്റ്റിലായത്. കേസിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ , ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഈയിടെയാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണെന്നും ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു.
റാഗിങ്ങ് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തി. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും ലഹരി ഉപയോഗത്തിന് ഇരകളായ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചുവെന്നുംകുറ്റപത്രത്തില്‍ പറയുന്നു.കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം നിർണായകമായി.