കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയി. പൊലീസിന്റെ കൺമുന്നിലിട്ട് രാജ്മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആർ. അജയ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തതാണ് ബഹിഷ്കരണത്തിന് കാരണം. തന്നെ മർദ്ദിച്ച പ്രതിക്കൊപ്പം ചർച്ചയ്ക്കില്ലെന്ന് രാജ്മോഹൻ നിലപാടെടുത്തു.
ചർച്ച ബഹിഷ്കരിച്ച് പുറത്തിറങ്ങിയ രാജ്മോഹൻ, ആക്രമിച്ച സിഐടിയു നേതാവിനെ ചർച്ചയ്ക്കു കൊണ്ടുവന്ന് മുൻസീറ്റിൽ ഇരുത്തിയതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.‘ഇവിടെ വന്നപ്പോൾ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയിൽ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബർ ഓഫിസറുടെ മുന്നിലെ കസേരയിൽ ഇരുത്തി എന്നെ ചർച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിത്’ – രാജ്മോഹൻ പറഞ്ഞു.
‘‘പെരുവഴിയിൽ എന്നെ ആക്രമിച്ച പ്രതിയെ ചർച്ചയ്ക്കു കൊണ്ടുവന്ന് മുന്നിൽ ഇരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യക്കേസ് നടത്തിയ പ്രതിയെ. ഇതാണ് അവസ്ഥ. എന്നെ ഇത്തരത്തിൽ ചർച്ചയ്ക്കു കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കിൽ ഞാനൊന്നു പറയാം; ഈ രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈന്യസേവാ മെഡലും സ്പെഷൽ സർവീസ് മെഡലും നേടിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെ ഞാൻ ഇവിടെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി പോരാടും. നിങ്ങൾക്കു ചെയ്യാവുന്നതു ചെയ്തോളൂ.’ – മെഡലുകൾ ഉയർത്തിക്കാട്ടി രാജ്മോഹൻ പറഞ്ഞു.