കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ദലിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ ശ്രമം നടന്നതായി ആരോപണം. കോതമംഗലം എൽദോ മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെയാണു ദലിത് യുവാവിന് പള്ളിമുറ്റത്ത് വച്ച് മർദനമേറ്റത്. സംഭവത്തിൽ കേസ് പിൻവലിപ്പിക്കാൻ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ സമ്മർദമുണ്ടായിരുന്നതായി മർദനമേറ്റ ബിനോയിയുടെ മാതാവ് ആരോപിച്ചു.
കോതമംഗലം നഗരസഭാ കൗൺസിലർ ബിൻസി തങ്കച്ചനും ഭർത്താവ് സിജുവും ചേർന്നാണ് കേസ് പിൻവലിക്കണമെന്ന ആവശ്യമായി സമീപിച്ചതെന്നാണ് ആരോപണം. കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് കൗൺസിലറുടെ ഭർത്താവ് സിജു പറഞ്ഞതായും ബിനോയിയുടെ അമ്മ അമ്മിണി പറയുന്നു. അതേസമയം, ബിനോയിയുടെ കുടുംബത്തിന്റെ ആരോപണം ബിൻസി തങ്കച്ചൻ തള്ളി.
സംഭവം നടന്ന കോതമംഗലം ചെറിയ പള്ളി മുറ്റത്തുവച്ചായിരുന്നു കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നത്. എന്നാൽ, കേസ് പിൻവലിക്കാൻ തയാറല്ലെന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തു. കോതമംഗലം സ്വദേശി ബിനോയ്ക്കുനേരെ എൽദോ മാർ ബസേലിയോസ് പള്ളിയുടെ മുറ്റത്തുവച്ചാണ് ആൾക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിനായിരുന്നു സുരക്ഷാ ജീവനക്കാർ വിവസ്ത്രനാക്കി മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് ചികിത്സയിലാണുള്ളത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്.