കോട്ടയം: വാഹനാപകടത്തില്‍ മരിച്ച സിനിമാ-സീരിയല്‍ താരം കൊല്ലം സുധിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വൈകുന്നേരം മൂന്നോടെ കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
രാവിലെ പൊങ്ങന്താനം എംഡി യുപി സ്കൂള്‍, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടന്ന പൊതുദര്ശനത്തില് സുധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങളാണ്. കൊല്ലം ചായക്കടമുക്ക് സ്വദേശിയായ സുധി കഴിഞ്ഞ ആറ് വര്‍ഷമായി ഭാര്യ രേണുവിന്റെ സ്വദേശമായ വാകത്താനത്താണ് താമസിച്ചിരുന്നത്. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് അദ്ദേഹം.
2015ല്‍ റിലീസ് ചെയ്ത കാന്താരി എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വാരിയെല്ലുകൾ തകര്‍ന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.