കൊല്ലം: കൊല്ലം തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്)അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ സുരക്ഷാസൗകര്യങ്ങളുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇനി കൊല്ലവും ഉണ്ടാകും.തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ച് ഔദ്യോഗിക അറിയിപ്പ് വെള്ളിയാഴ്ച ലഭിച്ചെന്ന് കൊല്ലം പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ പറഞ്ഞു.
ആറുമാസത്തേക്കാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി. അതുകഴിഞ്ഞാൽ തുടർന്നും നീട്ടിത്തരുമെന്നും സുരക്ഷയുടെ ഭാഗമായി നാല് കാര്യങ്ങൾകൂടി നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പോർട്ട് ഓഫീസർ പറഞ്ഞു. റഡാർ സംവിധാനം (ഓട്ടോമാറ്റിക് വെസ് ഐഡൻഡിഫിക്കേഷൻ സിസ്റ്റം), ലഗേജ് സ്കാനർ, മെറ്റൽ ഡിറ്റക്ടർ, പാസഞ്ചർ ടെർമിനലിൽ കൂടുതൽ ലൈറ്റുകൾ എന്നിവകൂടി സ്ഥാപിക്കണം. ഇതിനുള്ള എല്ലാ നടപടികളും പോർട്ട് ഓഫീസ് ആരംഭിച്ചുകഴിഞ്ഞു. ഇതുകൂടി യാഥാർഥ്യമാക്കിയാൽ സ്ഥിരമായ സർട്ടിഫിക്കറ്റ് അനുവദിക്കും. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറ, ചുറ്റുമതിൽ, ചുറ്റുമതിലിനു പുറത്ത് കമ്പിവേലി സ്ഥാപിക്കൽ, നിരോധിതമേഖല എന്ന ബോർഡ് സ്ഥാപിക്കൽ എന്നിവയാണ് നടപ്പാക്കിയിട്ടുള്ളത്. സെക്യൂരിറ്റിയെയും നിയമിച്ചു.
ഐഎസ്പിഎസ് സർട്ടിഫിക്കറ്റ് ലഭിച്ചത് കൊല്ലം തുറമുഖത്തിന് എമിഗ്രേഷൻ ചെക്ക്പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സഹായകമാണ്. എമിഗ്രേഷൻ ചെക്ക്പോയിന്റിനായി ആറ് കൗണ്ടർ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ, ഗേറ്റ്ഹൗസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന തുറമുഖ സെക്രട്ടറി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ)ടീമും തുറമുഖം സന്ദർശിച്ചിരുന്നു. തുറമുഖത്ത് 14 പൊലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. രണ്ട് പൊലീസ് ഇൻസ്പെക്ടർ, എട്ട് സബ് ഇൻസ്പെക്ടർ, നാല് പൊലീസുകാർ എന്നിവരെയും സംസ്ഥാന സർക്കാർ നിയോഗിച്ച് ഉത്തരവായിരുന്നു.
കൊച്ചി കഴിഞ്ഞാൽ ഏറ്റവും ആഴമേറിയ തുറമുഖമെന്ന സവിശേഷതയാണ് കൊല്ലത്തിനുള്ളത്. 7.5 മീറ്റർ ആഴവും 179 മീറ്റർ നീളവുമുള്ള തുറമുഖത്ത് വലിയ കപ്പലുകൾക്ക് ബർത്ത്ചെയ്യാം. 16,000 ചതുരശ്രമീറ്റർ കപ്പാസിറ്റിയുള്ള ഓപ്പൺ യാർഡും 1450 ചതുരശ്ര മീറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഗോഡൗണുമുണ്ട്. പാസഞ്ചർ കം കാർഗോഷിപ് ടെർമിനലാണ് കൊല്ലത്തേത്. തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരും മാരിടൈം ബോർഡും ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പാസഞ്ചർ കപ്പൽ ഇല്ലാത്ത സമയത്ത്- കാർഗോഷിപ്പുകളെ തീരത്തേക്ക്- അടുപ്പിക്കാൻ കഴിയുംവിധമാണ് ടെർമിനൽ നിർമിച്ചത്. 100 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള വാർഫും ഒരുക്കി.