കൊല്ലം : ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പ് കാര്‍ പള്ളിക്കല്‍ മൂതലയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെളുത്ത സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇതുവഴി കടന്നുപോയത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന് മൂന്ന് ദിവസം മുന്‍പ് സമാനപാതയിലൂടെ പ്രതികള്‍ യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. അതിനിടെ സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിശദാംശം തേടാന്‍ പൊലീസ് നടപടി സ്വീകരിച്ചു.മോട്ടോര്‍ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടിരുന്നു എന്ന് സൂചന നല്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പള്ളിക്കല്‍ മൂതല ഭാഗത്തുനിന്ന് തന്നെയുള്ളതാണ് ദൃശ്യങ്ങള്‍.
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരൂ മണിക്കുര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായാണ് പൊലീസ് സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ അമ്മയും മറ്റും എത്തുന്നതോടെ കാര്‍ അവിടെ നിന്ന് വേഗത്തില്‍ പോകുന്നതും പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തി അവിടെ നിര്‍ത്തിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. കാറിന്റെ യാത്ര വളരെ ദുരൂഹമാണ്. നാല് പേരാണ് കാറിനകത്തുണ്ടായിരുന്നത്. അവര്‍ മാസ്ക് ധരിച്ചിരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ ഉള്ള സ്ത്രീയെ കുടാതെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി സംഘത്തിലുള്ളതായാണ് പുറത്തുവരുന്നത്.