ചെന്നൈ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഐപിഎൽ കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്. ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 57 പന്തുകൾ ബാക്കിനിൽക്കെയാണ് കൊൽക്കത്തയുടെ എട്ടു വിക്കറ്റ് വിജയം. യുവതാരം വെങ്കിടേഷ് അയ്യർ (26 പന്തിൽ 52*) അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (32 പന്തിൽ 39), സുനിൽ നരെയ്നും (രണ്ട് പന്തിൽ ആറ്) മാത്രമാണ് കൊൽക്കത്ത നിരയിൽ പുറത്തായ ബാറ്റർമാർ.
ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് കൊൽക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വർഷങ്ങൾക്കു ശേഷമാണ് കൊൽക്കത്ത വീണ്ടും ഐപിഎൽ ജയിക്കുന്നത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുൻപ് കിരീടമുയർത്തിയത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ്, 18. 3 ഓവറില്‍ വെറും 113 റൺസിനു പുറത്തായി. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണിത്. 19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 23 പന്തുകൾ നേരിട്ട എയ്ഡൻ മാർക്രം 20 റൺസെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ മടങ്ങി. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടും വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.