ബെംഗളൂരു: വിമർശനങ്ങൾക്ക് എക്കാലത്തും ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും മറുപടി കൊടുക്കുന്ന താരമാണ് വിരാട് കോഹ്ലി. താരത്തിന്റെ ആക്രമണോത്സുകത ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒരു കാലത്ത് പ്രകടമായിരുന്നു. ഇപ്പോഴിതാ തന്നെപ്പറ്റിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് വിരാട് കോഹ്ലി. ഈ വർഷം ജൂലൈയിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് പ്രൊമോട്ട് ചെയ്യാൻ കോഹ്ലിയുണ്ടാകണമെന്ന കമന്റേറ്ററുടെ അഭിപ്രായത്തിനാണ് താരം മത്സര ശേഷം മറുപടി പറഞ്ഞത്. ടി20 ക്രിക്കറ്റ് ലോകത്താകമാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തന്റെ പേര് ഉപയോഗിക്കണമെന്ന ചർച്ചകൾ കേട്ടു. പക്ഷെ ഇപ്പോഴും ടി20 കളിക്കാൻ കഴിവുണ്ടെന്ന് കോഹ്ലി പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന വാർത്തകൾക്ക് ബാറ്റിങ്ങിലൂടെയാണ് താരം മറുപടി നൽകിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും 49 പന്തിൽ 77 റൺസുമായി ബെംഗളൂരുവിന്റെ നെടുംതൂണാകുകയും കളിയിലെ താരമാവുകയും ചെയ്തത് കോഹ്ലിയായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ പ്രകടനം.