കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന് ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന് മെട്രോ സ്റ്റേഷനില്‍ നിന്നാണ് പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് ആദ്യ പരീക്ഷണയോട്ടം നടത്തിയത്.
വേഗത കുറച്ച് , ഭാരം കയറ്റാതെയാണ് എസ് എന്‍ ജംഗ്ഷന് – തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.