കൊച്ചി : മെട്രോ ഫീഡർ സർവീസുകളുടെ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാകുന്നു. ഫീഡർ ബസുകളുടെയും ഓട്ടോകളുടെയും ടിക്കറ്റുകൾ OneDI ആപ് വഴി ബുക്ക് ചെയ്യാവുന്ന സേവനം ഇന്നുമുതൽ പ്രാബല്യത്തിലാകും. ഫീഡർ സർവീസുകൾ നൽകുന്ന കെഎസ്ബിഎൽ, എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആലുവ മെട്രോ സ്റ്റേഷൻ-എയർപോർട്ട് റൂട്ടിലെ ഫീഡർ ബസുകളിലും കാക്കനാട് ജല മെട്രോ ടെർമിനൽ, എറണാകുളം സൗത്ത്, മഹാരാജാസ്, എംജി റോഡ്, കലൂർ, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും. എയർപോർട്ട് സർവീസിലെ സ്ഥിരംയാത്രക്കാർക്ക് ഇളവുകളോടെയുള്ള യാത്രാ പാസും ആപ്പിൽ ലഭ്യമാണ്.
OneDI എന്ന മൊബൈൽ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്തും മെട്രോ സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡിലും ഫീഡർ പാർക്കിങ് ഏരിയയ്ക്കടുത്തും പ്രദർശിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ക്യു ആർ കോഡുകൾ സ്കാൻ ചെയ്തശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
കൊച്ചി മെട്രോ, ജലമെട്രോ സർവീസുകളുടെ ക്യു ആർ ടിക്കറ്റുകൾ കൊച്ചി വൺ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ഫീഡർ യാത്രകൾക്ക് കൃത്യമായ ചാർജാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കാനാകും. ക്യു ആർ കോഡുകൾവഴി ഫീഡർ സർവീസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതയും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. നഗരത്തിലെ മറ്റു ബസുകളിലും ഓട്ടോകളിലും ഈ സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.