കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന് സ്റ്റേഷനുകളുടെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ് ടെൻഡർ ക്ഷണിച്ചത്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്.
കേന്ദ്രാനുമതിക്കുപിന്നാലെ മാർച്ച് 29ന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ രണ്ടാംഘട്ടപാതയുടെ നിർമാണജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒരുവർഷമാണ് സ്റ്റേഷനുകൾ നിർമിക്കാനുള്ള കാലാവധി. കൊച്ചി മെട്രോയുടെയും ഇ-ടെൻഡർ കേരളയുടെയും വെബ്സൈറ്റുകൾ വഴി ടെൻഡറിൽ പങ്കെടുക്കാം. 21ന് പ്രീബിഡ് മീറ്റിങ്. സെപ്തംബർ നാലിനകം ടെൻഡർ സമർപ്പിക്കാം. ആറിന് ടെൻഡറുകൾ തുറക്കും.
സെപ്തംബർ പകുതിയോടെതന്നെ കരാർ നൽകി നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎംആർഎൽ പ്രോജക്ട്സ് വിഭാഗം ഡയറക്ടർ ഡോ. എം പി രാംനവാസ് പറഞ്ഞു. സ്റ്റേഷനുകളുടെ ഡിസൈൻ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള ഏജൻസികളെ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് ലോകോത്തര നിലവാരത്തിൽ പരിസ്ഥിതിസൗഹൃദ ഹരിത സ്റ്റേഷനുകളാണ് നിർമിക്കുക. കാക്കനാട് പ്രത്യേക സാമ്പത്തികമേഖലയ്ക്കുസമീപത്തെ മെട്രോ സ്റ്റേഷന്റെ കവാടങ്ങളുടെ നിർമാണം നേരത്തേ തുടങ്ങിയിരുന്നു. പൈലിങ് ജോലികളാണ് നടക്കുന്നത്. തമിഴ്നാട് ആസ്ഥാനമായ ചെണ്ടൂർ ഇൻഫ്രാസ്ട്രക്ചറിനാണ് നിർമാണച്ചുമതല. 30 കോടി രൂപയാണ് കവാടങ്ങളുടെ നിർമാണച്ചെലവ്.
പാലാരിവട്ടംമുതൽ കുന്നുംപുറംവരെ സ്ഥലം ഏറ്റെടുത്തു
മെട്രോ പാതയ്ക്ക് പാലാരിവട്ടംമുതൽ കുന്നുംപുറംവരെ സ്ഥലമെടുക്കൽ പൂർത്തിയായി. സ്റ്റേഡിയംമുതൽ പാലാരിവട്ടംവരെ ഏറ്റെടുക്കൽ പൂർത്തിയാകുന്നു. സെപ്തംബർ അവസാനത്തോടെ ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുക്കും. അനുബന്ധവികസനത്തിന്റെ ഭാഗമായി കാക്കനാട് ജങ്ഷൻമുതൽ ചിറ്റേത്തുകരവരെ സീപോർട്ട്–എയർപോർട്ട് റോഡ് നാലുവരിയാക്കുന്ന ജോലിയും പൂർത്തീകരണഘട്ടത്തിലാണ്.
സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ് എന്നിവയാണ് രണ്ടാംപാതയിലെ മറ്റ് സ്റ്റേഷനുകൾ. രണ്ടാംഘട്ടപാത നിർമാണത്തിനുള്ള കേന്ദ്രാനുമതി മൂന്നുവർഷത്തോളം വൈകിയിരുന്നു. സെപ്തംബറിലാണ് പാതയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. നിർമാണച്ചെലവ് കേന്ദ്രം വെട്ടിക്കുറച്ചതോടെ, വായ്പ നൽകാമെന്നേറ്റ ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽനിന്ന് പിന്മാറിയത് പ്രതിസന്ധിയുണ്ടാക്കി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കാണ് പുതിയ ഫണ്ടിങ് ഏജൻസി. 1957 കോടി രൂപയാണ് പുതുക്കിയ നിർമാണച്ചെലവ്. ഇതിൽ 1571 കോടി സംസ്ഥാനവിഹിതമാണ്.