കൊച്ചി: കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.