2017ല്‍ ധനനിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകള്‍ വാങ്ങാം. ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും സംഭാവന നല്‍കാം.
1,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം.ഇതിനായി ആര്‍ബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യനിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ആരാണ് പണം നല്‍കിയതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കാന്‍ സാധിക്കും. ഷെല്‍ കമ്പനികള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കാന് കഴിയുമെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫിനാന്‍സ് ആക്ട് 2017, ഫിനാന്‍സ് ആക്റ്റ് 2016 എന്നിവയിലൂടെ വ്യത്യസ്ത ചട്ടങ്ങളില്‍ കുറഞ്ഞത് അഞ്ച് ഭേദഗതികളെങ്കിലും വരുത്തിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുമ്പിലെത്തിയത്. സിപിഎം, അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ ഠാക്കൂര്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.