തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അടുത്തയാഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ഓണം അലവന്‍സ് നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം മുഴുവന്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സര്‍ക്കാര്‍ നല്കിയാല് ശമ്പളം മുഴുവന്‍ നല്‍കാനാകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റി
ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം.