തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ (കെഎംഎസ്സിഎല്) സംഭരണ, വിതരണ സംവിധാനത്തില്‍ പിഴവുണ്ടായെന്നാണ് കണ്ടെത്തല്‍.
വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയത്. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ഗുരുതരമായ അനാസ്ഥ കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആശുപത്രികളിലും വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകള്‍ 148 ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന് തന്നെ അപകടത്തിലാക്കുന്നതാണ് നടപടിയാണ് കെഎംഎസ്സിഎലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ആശുപത്രികളില്‍ നിന്ന് ഓരോ വര്‍ഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്റന്റ് നല്‍കുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎസ്സിഎല് മരുന്നു സംഭരിക്കുന്നത്. 2017 മുതല്‍ 2022 വരെ 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്റന്റ് നല്‍കിയെങ്കിലും കെഎംഎസ്സിഎല് പൂര്‍ണമായും ഓര്‍ഡര്‍ നല്‍കിയത് 536 ഇനങ്ങള്‍ക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75% കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ മരുന്ന് തിരികെ നല്കി കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാം. പരിശോധനാ കാലയളവിലെ 54,049 ബാച്ച് മരുന്നുകളില്‍ 1610 ബാച്ചുകളും 75% ഷെല്‍ഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്പനികളില്‍ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റോറിലെ ഫാര്‍മസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാര്‍, ഇന്റര്‍നെറ്റ് തടസം തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് കരട് റിപ്പോര്‍ട്ടിനെ കെഎംഎസ്സിഎല് ന്യായീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ സിഎജി തള്ളി.