കൊച്ചി : തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് പകരം സാധാരണ മെട്രോ നിര്‍മിക്കാമെന്ന് കെഎംആര്‍എല്‍ നിര്‍ദേശം. തിരുവവനന്തപുരത്ത് നടത്തിയ സമഗ്ര ഗതാഗത പ്ലാനിന്റെ (സിഎംപി) അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് ഏത് തരം മെട്രോ വേണമെന്ന് സമഗ്ര ഗതാഗത പഠനത്തിന് ശേഷം തീരുമാനിക്കാമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ ബെഹ്റ പറഞ്ഞു.
ടെക്നോസിറ്റിമുതല്‍ പള്ളിച്ചല്‍ വഴി നേമംവരെ നീളുന്ന 27.4 കിലോമീറ്റര്‍ പാതയും കഴക്കൂട്ടംമുതല്‍ ഇഞ്ചക്കല്‍ വഴി കിള്ളിപ്പലംവരെ നീളുന്ന 14.7 കിലോമീറ്റര്‍ പാതയുമാണ് തിരുവനന്തപുരത്ത് നിര്‍മിക്കുക. ഇഞ്ചക്കല്‍-കിള്ളിപ്പലം ഭാഗം ഭൂഗര്‍ഭ പാതയാകും. രണ്ടുപാതയിലുംകൂടി 37 സ്റ്റേഷന്. 2051 ഓടെ ഈ പാതകളില്‍ മണിക്കൂറില്‍ 19,747 പേര് യാത്ര ചെയ്യുമെന്ന് ഡിഎംആര്‍സി റിപ്പോര്‍ട്ട് പറയുന്നു. അത്രയും യാത്രികരെ വഹിക്കാന്‍ ലൈറ്റ് മെട്രോ മതിയാകില്ല. പരിഷ്കരിച്ച ഡിപിആര്‍ ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.