ജിദ്ദ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സൗദി അറേബ്യയിലെ ദമാമില്‍ സംഘടിപ്പിച്ച കെഎംസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശമല്ല. വകുപ്പില്‍ നടക്കുന്ന അനാസ്ഥകള്‍ക്കെതിരെയാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെഎം ഷാജിയുടെ പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാജിക്ക് എതിരെ വനിതാ കമ്മീഷന് കേസെടുക്കുകയും ചെയ്തു. കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം രംഗത്തെത്തിയിരുന്നു.