ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. ഇത് സാധാരണ മോട്ടോര്‍ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ്. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ മാധ്യമ സമ്മര്‍ദമുണ്ട്. തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വിധിയെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റീസ് ബെച്ചു കുര്യന് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.