ബംഗളൂരു : നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ 400നു മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ചത് സെഞ്ച്വറികള്‍ നേടിയ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ സഖ്യമാണ് സ്കോര്‍ 410ല്‍ എത്തിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി.
മത്സരത്തില്‍ 62 പന്തില്‍ സെഞ്ച്വറിയടിച്ച് രാഹുല്‍ റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി രാഹുല്‍ മാറി. രോഹിത് ശര്‍മയുടെ 63 പന്തിലെ ശതകത്തിന്റെ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്.
94 പന്തില്‍ 102 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. താരം 89ല്‍ നില്‍ക്കെ ഒരു സിക്സടിച്ച് 95ലും മറ്റൊരു സിക്സിലൂടെ 101ലും എത്തി.
മത്സരത്തില്‍ മറ്റ് ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീം സ്വന്തമാക്കി. രാഹുല്‍- ശ്രേയസ് സഖ്യത്തിനും നേട്ടമുണ്ട്. ഒരു ലോകകപ്പ് പോരാട്ടത്തിലെ ആദ്യ അഞ്ച് ബാറ്റര്‍മാരും 50, 50 പ്ലസ് റണ്‍സ് നേടുന്നത് ഇതാദ്യമാണ്.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ശ്രേയസ് സഖ്യം 208 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടായി ഇതു മാറി. 1999ല്‍ ശ്രീലങ്കക്കെതിരെ 318 റണ്‍സ് നേടിയ ദ്രാവിഡ്- ഗാംഗുലി സഖ്യമാണ് ഒന്നാമത്. 2003ല്‍ നമീബിയക്കെതിരെ ഗാംഗുലി- സച്ചിന് സഖ്യം 244 റണ്‍സ് ചേര്‍ത്തു. 1999ല്‍ ദ്രാവിഡ്- സച്ചിന് സഖ്യം കെനിയക്കെതിരെ 237 റണ്‍സും ചേര്‍ത്തിരുന്നു.
ലോകകപ്പില്‍ മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടായും രാഹുല്‍- ശ്രേയസ് സഖ്യത്തിന്റെ പ്രകടനം മാറി. എംഎസ് ധോനി- സുരേഷ് റെയ്ന സഖ്യം സിംബാബ്വെക്കെതിരെ നേടിയ റണ്‍സിന്റെ റെക്കോര്‍ഡാണ് രാഹുല്‍- ശ്രേയസ് സഖ്യം തകര്‍ത്തത്. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം 200നു മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.