വടകര: കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ. കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പിണറായി വിജയൻ എതിരെയുള്ള ആളുകളെ മുഴുവൻ കുരുതി കൊടുക്കുന്നതുപോലെത്തന്നെ ശൈലജ ടീച്ചറെയും വടകര കൊണ്ടുവന്ന് കുരുതി കൊടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കാരണം നമ്മളൊക്കെ ഭാവിയിലെ വനിതാ മുഖ്യമന്ത്രി എന്ന് പറയുന്ന ആളാണല്ലോ. അത്തരമൊരാളെ ഇവിടെനിന്ന് അങ്ങ് പറഞ്ഞയച്ചാൽ ആ ചാപ്റ്റർ അടഞ്ഞു.ആ വെല്ലുവിളി ഇല്ലാതെയാകും.’- രമ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ടീച്ചറുടെ അഭിപ്രായമെന്താണെന്നും രമ ചോദിച്ചു. ‘അത് ചെയ്തത് ശരിയായില്ലെന്ന് പറയാൻ ടീച്ചർ ധൈര്യം കാണിക്കുമോ. ഇത്തരം ചില ചോദ്യങ്ങൾക്കുകൂടി വടകര വരുമ്പോൾ ടീച്ചർ മറുപടി പറയണം.’- അവർ കൂട്ടിച്ചേർത്തു.