കണ്ണൂര്‍ : മലപ്പട്ടത്തെ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വ്ലാഡിമിര്‍ മയക്കോവ്സ്കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ കെ രാഗേഷ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു. കടുവകളെ കീഴടക്കി. മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ എന്ന വരികളാണ് രാഗേഷ് പങ്കുവച്ചിരിക്കുന്നത്.
മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ഗാന്ധിസ്തൂപം തകര്‍ക്കപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിനു പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വച്ചാണ് സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. പിന്നാലെ ജില്ലയില്‍ പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയര്‍ന്നു.
ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയതോടെയാണ് കെ കെ രാഗേഷ് ആദ്യ പോസ്റ്റിട്ടത്. ആ കത്തിയുമായി വന്നാല്‍ വരുന്നവന് തങ്ങള്‍ ഒരു പുഷ്പചക്രം ഒരുക്കിവയ്ക്കുമെന്നായിരുന്നു കുറിപ്പ്.