പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിശാന്ത് കുമാര്‍ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നളന്ദയിലെ ഹർനൗട്ട് സീറ്റിൽ നിന്ന് മത്സരിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾക്കിടെ നിശാന്തിനെതിരെ പോസ്റ്ററുമായി കോൺഗ്രസ്. പ്രാദേശിക നേതാവിന്റെ ചിത്രത്തിനൊപ്പം നിശാന്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ‘രാജാവിന്റെ മകൻ രാജാവാകില്ല’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററില്‍ കോൺഗ്രസ് നേതാവ് രവി ഗോൾഡൻ കുമാർ ഹർനൗട്ടിലെ സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. 1985ൽ നിതീഷ് കുമാര്‍ തന്റെ നിയമസഭാ കരിയര്‍ ആരംഭിച്ച മണ്ഡലമാണ് ഹര്‍നൗട്ട്. ജെഡിയു, ആർജെഡി, ബിജെപി എന്നിവയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ബിർ ചന്ദ് പട്ടേൽ റോഡ് ഏരിയയിലാണ് രവി ഗോൾഡൻ കുമാർ പോസ്റ്ററുകൾ പതിച്ചത്. ഹർനൗട്ട് ജനതയുടെ പിന്തുണയുള്ളവൻ രാജാവാകുമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. താൻ ജനങ്ങളുടെ മകനാണെന്നാണ് രവി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 2020ലെ തെരഞ്ഞെടുപ്പിൽ രവിക്ക് ടിക്കറ്റ് ലഭിച്ചിരുന്നില്ല. മുതിർന്ന ജെഡിയു നേതാവ് ഹരി നാരായൺ സിങ്ങാണ് നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ജെഡിയു വക്താവ് അഭിഷേക് ഝാ പോസ്റ്ററിനെ ‘അപകടം’ എന്നാണ് വിളിച്ചത്. നിശാന്ത് കുമാറിൻ്റെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ സാധ്യതയെക്കുറിച്ച് പാർട്ടി നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഹോളിക്ക് ശേഷം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ചേരുമെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിതീഷ് കുമാർ മാറിനിൽക്കാൻ തീരുമാനിക്കുമ്പോൾ നിശാന്ത് ആണ് നിതീഷ് കുമാറിൻ്റെ സ്വാഭാവിക അവകാശി എന്നാണ് ജെഡിയുവിലെ വലിയൊരു വിഭാഗത്തിൻ്റെ അഭിപ്രായം.
രവി ഗോൾഡൻ കുമാറിന് തൻ്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ജനാധിപത്യ അവകാശമുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. “നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തെക്കുറിച്ച് സംസാരിക്കാൻ വളരെ നേരത്തെ തന്നെ, രവി ഗോൾഡൻ കുമാർ തൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ തൻ്റെ ജനാധിപത്യ അവകാശം ഉപയോഗിച്ചു. നിശാന്തിനെ ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുമെങ്കിലും, റെക്കോഡ് നേരെയാക്കാനുള്ള ഉത്തരവാദിത്തം ജെഡിയുവിനാണ്.”ബിഹാർ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത പറഞ്ഞു.