ഐപിഎൽ 17–ാം സീസണിന് കൊടിയുയരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തങ്ങളുടെ ടീമുകൾക്കൊപ്പം പരിശീലനം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നു വിട്ടുനിന്ന കോലി, ഐപിഎലിൽ നിന്നും മാറിനിൽക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാംപിലെത്തിയ കോലി പരിശീലനം ആരംഭിച്ചു. ക്യാപ്റ്റൻസി മാറ്റത്തിന്റെ അനന്തര ചർച്ചകൾ തുടരുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമയും ഇന്നലെ പരിശീലനത്തിനിറങ്ങി.
പരുക്കുമൂലം ഏകദിന ലോകകപ്പിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ശരീരക്ഷമത പൂർണമായും വീണ്ടെടുത്തതായി മുംബൈ അറിയിച്ചു. പരുക്ക് കണക്കിലെടുത്ത് ഹാർദിക് ബോൾ ചെയ്തേക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സീസണിൽ ഹാർദിക് പന്തെറിയുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽ ഉൾപ്പെടുത്തിയതോടെ ഓൾറൗണ്ടർ വാനിന്ദു ഹസരംഗയ്ക്ക് ഐപിഎൽ തുടക്കം നഷ്ടമാകും. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ഹസരംഗ. ടെസ്റ്റിൽ നിന്ന് കഴിഞ്ഞ വർഷം ഹസരംഗ വിരമിച്ചിരുന്നു. എന്നാൽ ടീമിലെ സ്പിന്നർമാരുടെ അഭാവം കണക്കിലെടുത്ത് ഇരുപത്തിയാറുകാരനായ ഹസരംഗയെ സിലക്ടർമാർ തിരികെ വിളിക്കുകയായിരുന്നു. 22 മുതൽ ഏപ്രിൽ 3 വരെയാണ് ടെസ്റ്റ് പരമ്പര.