ജനപ്രിയ ലൂണ മോപ്പഡിൻ്റെ ഇലക്ട്രിക് പതിപ്പായ ഇ-ലൂണ കൈനറ്റിക് ഇന്ത്യയിൽ അവതരിപ്പിച്ചു. 69990 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ഇന്ത്യയിലെ ചെറുകിട പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ലൂണ ഉണ്ടാക്കിയ ഓളം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഇ ലൂണയുടെ വരവ്.
96 കിലോഗ്രാം മാത്രം ഭാരമുള്ള ഇ ലൂണക്ക് നാല് മണിക്കൂർ ചാർജ് നിലനിൽക്കും എന്നാണ് നിർമാതാക്കളുടെ പക്ഷം. 50 കിലോമീറ്ററാണ് പരമാവധി വേഗം. 150 കിലോ ഭാരശേഷിയുള്ളതാണ് ഇ ലൂണ. രണ്ടാൾക്ക് സുഖകരമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ 16 ഇഞ്ച് വീലുകളും മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും ഇരട്ട ഷോക് അബ്സോർബറും വണ്ടിക്കുണ്ട്.
1 .7 , 2 .00 , 3 .00 kwh ബാറ്ററിയാണ് നിലവിൽ ഉള്ളത്. ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ കൈനറ്റിക് ഇ ലൂണ സഞ്ചരിക്കും. അഞ്ചു നിറങ്ങളിലാണ് വാഹനം ഇറങ്ങുന്നത്-ചുവപ്പ്, നീല, മഞ്ഞ, പച്ച, കറുപ്പ്. യു.എസ്.ബി ചാർജിങ് പോർട്ട് അടക്കമുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും കൈനറ്റിക് മറന്നിട്ടില്ല. 500 രൂപയാണ് ബുക്കിങ് ചാർജ്. എന്നുമുതൽ വാഹനം ലഭ്യമാക്കും എന്ന അറിയിപ്പ് കമ്പനി ഇതുവരെ നൽകിയിട്ടില്ല