ന്യൂഡൽഹി : ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. കേന്ദ്ര ഏജൻസിക്കാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കുകയും 500 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിലുണ്ട്.
‘ലോറൻസ് ബിഷ്ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നൽകുകയും ചെയ്തില്ലെങ്കിൽ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്റ്റേഡിയവും ഞങ്ങൾ തകർക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വിൽക്കുന്നത്. അതിനാൽ ഞങ്ങൾക്കും ചിലതൊക്കെ വാങ്ങണം. നിങ്ങൾ എത്ര മുൻകരുതൽ എടുത്താലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ മെയിലിൽ പറഞ്ഞതുപോലെ ചെയ്യുക’- എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
ഭീഷണിയെ തുടർന്ന് എഐഎ മുംബൈ പൊലീസ്, ഗുജറാത്ത് പൊലീസ്, പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകി.ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാൽ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
2014 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ബിഷ്ണോയ്. ജയിലിനുള്ളില്‍ കിടന്നുകൊണ്ടാണ് ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഞ്ചാബ് ഗായകന് സിദ്ധു മാസേവാലയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളാണ് ബിഷ്ണോയിയുടെ പേരിലുള്ളത്.