ബെർലിൻ : ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് വാർത്തകളിൽ പ്രതികരിച്ചിട്ടുണ്ട്.
എംബാപ്പക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയ ദിദിയം ദെഷാംസ് താരം നെതർലാൻഡ്സിനെതിരായ മത്സരത്തിൽ കളിക്കുമോയെന്ന് തനിക്ക് ഇപ്പോൾ പറയാനാവില്ലെന്നും അറിയിച്ചു. എംബാപ്പയുടെ മൂക്കിന് നല്ല പരിക്കുണ്ട്. അത് പരിശോധിക്കണം. ടൂർണമെന്റിലെ ഈ ഘട്ടത്തിൽ എംബാപ്പക്ക് പരിക്കേറ്റത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.എംബാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ ദിദിയർ ദെഷാംസ് തയാറായില്ല. മെഡിക്കൽ സ്റ്റാഫ് എംബാപ്പയെ പരിശോധിക്കുകയാണ്. മറ്റൊന്നും ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദെഷാംസ് പറഞ്ഞു.
എംബാപ്പയുള്ള ടീം കൂടുതൽ ശക്തമാണ്. എന്നാൽ, വാർത്തകൾ പ്രതീക്ഷിച്ച രീതിയിൽ വരുന്നില്ലെങ്കിൽ എംബാപ്പയില്ലാതെ മത്സരത്തിനിറങ്ങാൻ ഞങ്ങൾ നിർബന്ധിതരാവും. എംബാപ്പയുടെ സാന്നിധ്യം എല്ലാ ടീമുകളെയും ശക്തരാക്കുമെന്നും ദെഷാംസ് കൂട്ടിച്ചേർത്തു.ഓസ്ട്രിയക്കെതിരായ മത്സരത്തെ താൻ പോസിറ്റീവായാണ് കാണുന്നത്. ടൂർണമെന്റിൽ എതിരാളികളെ തോൽപ്പിച്ച് തുടങ്ങുന്നത് നല്ലകാര്യമാണ്. മത്സരത്തിൽ തങ്ങൾക്കെതിരെ സമ്മർദമുണ്ടാക്കാൻ ഓസ്ട്രയിക്ക് കഴിഞ്ഞുവെങ്കിലും അവരുടെ വെല്ലുവിളി ഫലപ്രദമായി മറികടക്കാൻ കഴിഞ്ഞുവെന്നും ദിദിയർ ദെഷാംസ് പറഞ്ഞു. ഓസ്ട്രിയക്കെതിരായ യുറോ കപ്പിലെ ആദ്യ മത്സരത്തിൽ സെൽഫ് ഗോളിലാണ് ഫ്രാൻസ് ജയിച്ചത്.