ജംഷഡ്പുര്‍ : ഐഎസ്എല്‍ ടീം ജംഷഡ്പുര്‍ എഫ്സി അവരുടെ പുതിയ പരിശീലകനായി ഖാലിദ് ജമിലിനെ നിയമിച്ചു. ഐഎസ്എല്‍ പാതി ദൂരത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്കോട്ട് കൂപ്പറെ മാറ്റി ജമിലിനെ ടീം പരിശീലക സ്ഥാനത്ത് എത്തിച്ചത്.
കഴിഞ്ഞ ദിവസം ഒഡിഷ എഫ്സിയുമായുള്ള പോരാട്ടത്തില്‍ ജംഷഡ്പുര്‍ പരാജയപ്പെട്ടിരുന്നു. 4-1നാണ് അവര്‍ തോല്‍വി വഴങ്ങിയത്. ഇതോടെയാണ് കൂപ്പറിന്റെ കസേര തെറിച്ചത്. പിന്നാലെയാണ് ജമിലിനെ കോച്ചായി എത്തിച്ചത്.
2016-17 കാലത്ത് ഐസ്വാള്‍ എഫ്സിയെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ജമില്‍. ചരിത്രത്തില്‍ ആദ്യമായാണ് വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു ക്ലബ് ഐ ലീഗില്‍ ചാമ്പ്യന്മാരായത്. നേരത്തെ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ടീമുകളെയടക്കം പരിശീലിപ്പച്ചതിന്റെ മുന്‍പരിചയവും ജമിലിനുണ്ട്.
ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ജംഷഡ്പുര്‍ പത്താം സ്ഥാനത്താണ്. 12 കളികളില്‍ നിന്നു രണ്ട് ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്.