തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ എത്തിയത് ഇത്തരം 8000 കോളുകൾ. കെ ഫോൺ ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെയാണിത്. ആപ്പിലൂടെ രജിസ്റ്റർ ചെയ്തവരിൽ കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവരെ ഇന്നുമുതൽ കണ്ടെത്തും. പേര്, മൊബൈൽ നമ്പർ, ഇ–- മെയിൽ ഐഡി, മേൽവിലാസം എന്നിവയോടെയാണ് കണക്ഷനായി രജിസ്റ്റർ ചെയ്യേണ്ടത്.
ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്കുള്ള കണക്ഷൻ എപ്പോൾ നൽകാൻ കഴിയുമെന്ന് ഇന്നും നാളെയുമായി കെ ഫോൺ അറിയിക്കും. മോഡം ഉൾപ്പെടെ സൗജന്യമായാണ് നൽകുക. 20 എംബിപിഎസാണ് അടിസ്ഥാന വേഗം. വിവിധ സർക്കാർ ഓഫീസുകൾക്കായി നൽകുന്നത് 30,000 കണക്ഷനാണ്. ഇതിനു പുറമെ ആദ്യഘട്ടത്തിൽ വാണിജ്യ കണക്ഷൻ 1.30 ലക്ഷം കൊടുക്കും. ലൈസൻസ് ലഭിക്കുന്നതിന് അനുസരിച്ച് അത് അഞ്ചുലക്ഷമാക്കും. സപ്ലൈകോ ഔട്ട്ലെറ്റുകൾ, റേഷൻകടകൾ എന്നിവയ്ക്കും കണക്ഷൻ ലഭ്യമാക്കും. കേരള ബാങ്കും താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
ജൂലൈ ആദ്യവാരം സ്വകാര്യ കണക്ഷൻ നൽകിത്തുടങ്ങുമെന്ന് കമ്പനി എംഡി സന്തോഷ് ബാബു പറഞ്ഞു.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 30,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്. സ്വകാര്യടിവി കേബിൾ ഓപ്പറേറ്റർമാരും പങ്കാളികളാകും. ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 40 ലക്ഷം കണക്ഷൻ നൽകാനുള്ള അടിസ്ഥാന സൗകര്യമാണ് നിലവിലുള്ളത്. ഇത് രണ്ടാംഘട്ടത്തിൽ വർധിപ്പിക്കും.
കസ്റ്റമർകെയർ തിരുവനന്തപുരത്ത്
വാണിജ്യ കണക്ഷൻ കൊടുക്കുന്നതിനുമുമ്പ് തിരുവനന്തപുരത്തെ കെ ഫോൺ ആസ്ഥാനത്ത് കസ്റ്റമർകെയർ സെന്റർ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കും. ഇ– മെയിൽ, വാട്ട്സാപ്, എസ്എംഎസ്, ഫോൺകോൾ എന്നിവ മുഖേന പരാതി സ്വീകരിക്കും. കൊച്ചിയിലും കസ്റ്റമർകെയർ സെന്റർ സ്ഥാപിക്കും.