തിരുവനന്തപുരം: ക്ഷേമ നിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്. വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ്. ക്ഷേമനിധി പെൻഷനുകളുടെ അടവും വിതരണവും കെ- സ്മാർട്ടിൽ ഉൾപ്പെടുത്തും. ജൂലൈ മാസത്തോടെ ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും കെ സ്മാർട്ടിൽ ഉൾപ്പെടുത്താനാണ് നിലവിലെ നീക്കം.
സംസ്ഥാനത്ത് ആകെ 33 ക്ഷേമനിധി ബോർഡുകളാണ് ഉള്ളത്. ഒരേ സമയം ക്ഷേമനിധി പെൻഷനും ക്ഷേമ പെൻഷനും അർഹതയുള്ളവർക്ക് ഏതെങ്കിലും ഒന്ന് മാത്രമേ ലഭിക്കൂ. ക്ഷേമ പെൻഷനിൽ നിന്ന് ക്ഷേമനിധി പെൻഷൻ തുക കിഴിച്ച് വിതരണം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാത്തതിനാൽ ഈ പ്രക്രിയ സങ്കീർണ്ണമാണ്. ഇത് മറികടക്കാനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.ക്ഷേമനിധി ബോർഡുകൾക്കായി പ്രത്യേക കെ സ്മാർടിൽ പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും. ഇതിന് വേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നല്കാന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോർഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേൽ അടിച്ചേൽപ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനകാരുടെ സംഘടനകളുടെ ആരോപണം.