തിരുവനന്തപുരം: കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ഇന്ന് കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തകളുടെയും അലങ്കാര ദീപങ്ങളുടെയും ഭക്ഷ്യവൈവിധ്യങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്.
കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്കു ജനങ്ങള്‍ ഇടവേളകളില്ലാതെ ഒഴുകിയെത്തി. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ ഉയര്‍ന്ന നവകേരളത്തിനായുള്ള പുത്തന്‍ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്.
കേരളീയത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം നാലിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപനത്തിനു മുന്നോടിയായി കേരളീയത്തിന്റെ വീഡിയോ പ്രദര്‍ശനം നടക്കും. സമാപന ഗാനാലാപത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും. നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപന സമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന് കുട്ടി, എ.കെ. ശശീന്ദ്രന്, അഹമദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തിനു ശേഷം എം. ജയചന്ദ്രന്, ശങ്കര്‍ മഹാദേവന്, കാര്‍ത്തിക്ക്, സിത്താര, തുടങ്ങിയവര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ’ജയം’ അരങ്ങേറും