തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 24നു കാസർകോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. 24നു ‘മൻകി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല.
ആദ്യ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ആയിരിക്കും. യാത്രാ സർവീസ് 26ന് തുടങ്ങും. രാവിലെ 7ന് കാസർകോട്ടുനിന്നു പുറപ്പെടും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). മടക്ക ട്രെയിൻ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55). ചർച്ചകൾ തുടരുന്നതിനാൽ സ്റ്റേഷൻ, സമയം എന്നിവയിൽ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല.