കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്നും . കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുർത്തയാണ് സമ്മാനിക്കുന്നത്. മോദിക്കൊപ്പം മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കും. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടിക്കുള്ള തുണി നെയ്യുന്നത്. കെ ബിന്ദുവാണ് കുർത്ത തുണി നെയ്യുന്നത്.
കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്. ഇളം പച്ച, വോള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരകളോടു കൂടിയതാണ് കുർത്ത. അതീവ ശ്രദ്ധ വേണ്ട ജോലിയാണ് നെയ്ത്ത്. ഒരു ദിവസം മൂന്ന് മീറ്റർ തുണിയേ ഒരുക്കാൻ സാധിക്കു. തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും. ദേശീയ കൈത്തറി ദിനമാണ് തിങ്കളാഴ്ച. തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്.