തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ രണ്ട് രൂപ കുറച്ചെങ്കിലും സംസ്ഥാനം വില കുറക്കില്ല. രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ക്ഷേമ പെൻഷനടക്കം മുടങ്ങിയ സാഹചര്യത്തിൽ ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. തീരുമാനത്തോട് സിപിഎമ്മിനും യോജിപ്പാണ്. ഈ സാമ്പത്തിക വർഷത്തിലാണ് ഇന്ധനത്തിനു 2 രൂപ സെസ് സർക്കാർ ഏർപ്പെടുത്തിയത്. സെസും ഉയർന്ന നികുതിയും കാരണം ലീറ്ററിന് മറ്റു സംസ്ഥാനങ്ങളെക്കാൾ 10 രൂപയോളം വിലക്കൂടുതലുമാണ് കേരളത്തിൽ.
ഉയർന്ന നികുതി കാരണം സംസ്ഥാനാന്തര യാത്രക്കാരും ചരക്കുവാഹനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് പൊതുവെ ഇന്ധനം നിറയ്ക്കുന്നത്. ഇത് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി ചോരാൻ ഇടയാക്കിയിട്ടുണ്ടെങ്കിലും നികുതി വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചെന്നാണു ജിഎസ്ടി വകുപ്പിന്റെ കണക്ക്. 2023 ജനുവരി 31 വരെ 8,655 കോടി രൂപയാണ് ഇന്ധന നികുതിയായി ലഭിച്ചതെങ്കിൽ കഴിഞ്ഞ ജനുവരി വരെ 9,101 കോടി രൂപ ലഭിച്ചു. ഈ വർഷം 446 കോടി രൂപ അധികം ലഭിച്ചു. 2 രൂപ സാമൂഹിക സുരക്ഷാ സെസിനു പുറമെ കിഫ്ബിക്കായി ഒരു രൂപ സെസും സർക്കാർ പിരിക്കുന്നുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വിപണി വിലക്ക് തുല്യമായ നികുതിയാണ് കേന്ദ്രവും സംസ്ഥാനവും ചേർന്ന് പിരിക്കുന്നത്. ഇവ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.