കൊച്ചി : സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് പപ്പടവും പായസും കഴിച്ചെന്ന് പറഞ്ഞാലും കേരളത്തിന്റെ ജനങ്ങളുടെ മതേതര മൂല്യമൊന്നും തകരില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.കേരളത്തിന്റെ മണ്ണ് മതേതര മണ്ണാണ്. ഈ സെക്കുലര്‍ സോയിലില്‍ വര്‍ഗീയതയുടെ ഒരു താമരയും വിരിയില്ല. പ്രധാനമന്ത്രിയെന്നല്ല അതിനപ്പുറം സംഘപരിവാറിന്റെ സ്ഥാപക നേതാക്കന്മാരോ, ഉദാഹരണത്തിന് സവര്‍ക്കറോ നാഥുറാം വിനായക ഗോഡ്സെയോ ആരെങ്കിലും വന്നാലോ ഇളകുന്ന ആളുകളൊന്നുമല്ല മലയാളികള്‍. മലയാളികളുടെ മതേതര ബോധ്യത്തെ വിലകുറച്ച് കാണരുതെന്നും രാഹുല്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
തൃശൂരില്‍ ഉറപ്പായും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വീണ്ടും പാര്‍ലമെന്റിലേക്ക് എത്തിക്കും. അതിനപ്പുറം ഒന്നും സംഭവിക്കാനില്ല. ഇതിനേക്കാള്‍ വലിയ പ്രചണ്ഡ പ്രചരണങ്ങള്‍ നമ്മള് കണ്ടിട്ടുണ്ടല്ലോ. തൃശൂരില്‍ ഒരു ആത്മവിശ്വാസവും കുറവില്ല. ഇ ശ്രീധരനെ പരാജയപ്പെടുത്തിയില്ലേ. കേരളത്തിന്റെ മണ്ണ് ഏതെങ്കിലും തരത്തില്‍ കമ്യൂണലി പോളറൈസ്ഡ് ആണെങ്കില്‍ ഷാഫി പറമ്പിലിന് ജയിക്കാന്‍ പറ്റുമായിരുന്നോ. കേരളത്തില്‍ മത്സരം കോണ്‍ഗ്രസും ഇടതും തമ്മിലാണ്. പാലക്കാട് ബിജെപി ജയിക്കും എന്ന തോന്നലുണ്ടായപ്പോള്‍ പാലക്കാട് ഒരുമിച്ച് നിന്നിട്ടാണ് ജയിപ്പിച്ചത്.
പെന്ഷന് കിട്ടിയില്ലായെങ്കില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കുന്ന ആളുകളുടെ വീടുകളില്‍ കഞ്ഞിവേവാന്‍ ഉള്ള സമരം ആണ് ഞങ്ങള്‍ നടത്തുന്നത്. മറിയക്കുട്ടിക്ക് ബിജെപിയെക്കുറിച്ച് അറിവില്ലായിരിക്കും. അവര്‍ക്ക് അതിന്റെ രാഷ്ട്രീയം അറിയുമെന്ന് തോന്നുന്നില്ല. പിണറായി സര്‍ക്കാരിനെക്കൊണ്ട് ഞങ്ങള്‍ പെന്ഷന് കൊടുപ്പിക്കും. അതിന് വേണ്ടി ഞങ്ങള്‍ സമരം ചെയ്യും.
ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ലേ സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള അവസ്ഥയുണ്ടാകുന്നത്. ഞങ്ങള്‍ പ്രതിപക്ഷമല്ലേ. ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല. പക്ഷേ, കണ്ണില്‍ ചോരയില്ലാത്ത ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടിരിക്കുകയാണ്. അഡോള്‍ഫ് ഹിറ്റലറിനേക്കാള്‍ ജനാധിപത്യ വിരുദ്ധനാണ് പിണറായി വിജയന്. ഏകാധിപധികള്‍ നമ്മള് ആഗ്രഹിക്കുന്ന തരത്തില്‍ സമരങ്ങളോട് പ്രതികരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. ഒരു ഏകാധിപതിയും ഒരുപാട് നാള് വാണുപോയിട്ടില്ല. എതിര്‍ശബ്ദങ്ങളെ നിശബ്ധരാക്കുന്ന ആളുകളാണ് തമസ്കരിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ വിജയനും തമസ്കരിക്കപ്പെടും.
പ്രതിപക്ഷം ആക്ടീവാണ്. പക്ഷേ, സൂപ്പര്‍ ആക്ടീവായി കൊള്ളരുതായ്മകള്‍ ചെയ്യുന്ന ഒരു സര്ക്കാരുള്ളപ്പോള് ജനം കാംക്ഷിക്കുക സൂപ്പര്‍ ആക്ടീവ് പ്രതിപക്ഷത്തേയാണ്. അത് പ്രതിപക്ഷത്തിന്റെ പോരായ്മ കൊണ്ടല്ല. ഭരണപക്ഷത്തിന്റെ അഴിമതിയുടെ തോത് വര്‍ധിച്ചതുകൊണ്ട് അതിനൊപ്പം എത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ടാവില്ല. അതുകൊണ്ടുള്ള പോരായ്മകള്‍ ഉണ്ടാകാം. അതിനെക്കൂടി പരിഗണിച്ച് ജനത്തിന് വേണ്ടിയുള്ള സമരങ്ങളുമായി ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും രാഹുല്‍ പറഞ്ഞു.