തിരുവനന്തപുരം: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിങിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ. ബ്രാൻഡിങ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; ”ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. ഇതേവരെ ഇല്ലാത്ത ഒരു പുതിയ പ്രചാരണ പരിപാടിയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. അത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രചാരണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാര്യം ശരിയല്ലെന്ന് കേന്ദ്രസർക്കാറിനെ അറിയിക്കും. ഇത് ഇവിടെ നടപ്പാക്കാൻ വിഷമമാണെന്നും അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇക്കാര്യം അറിയിക്കാൻ പറ്റില്ലേയെന്നതും പരിശോധിക്കും”
അതേസമയം കേന്ദ്രസർക്കാറിന്റെ ലോഗോ പതിപ്പിച്ച ക്യാരിബാഗുകളിലൂടെ ഭക്ഷ്യധാന്യ വിതരണം നടത്താനുള്ള പദ്ധതിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാന സർക്കാർ ഒരുവിതത്തിലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലും വ്യക്തമാക്കി.