ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും.
സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റില്‍ നിര്‍ദേശിച്ച നയം. സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അക്കാദമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് കോണ്ക്ലേവുകളിലേക്ക് പോവുക. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാക്കേജുകളും നയത്തിന്റെ ഭാഗമാകും. വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കും. കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.