തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് പ്രവേശനം നേടിയ സംഭവത്തിൽ താക്കീതുമായി കേരള യൂണിവേഴ്സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ. കായംകുളം എം എസ് എം കോളേജുതന്നെ തോൽപ്പിച്ച കുട്ടി എങ്ങനെ എം കോം പ്രവേശനം നേടുമെന്ന് അദ്ദേഹം ചോദിച്ചു. കോളേജിലെ ഏതെങ്കിലുമൊരു വിദ്യാർത്ഥി ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ പ്രിൻസിപ്പൽ അകത്താകുമെന്നും വിസി താക്കീത് നൽകി.
കോളേജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും, മറുപടി തൃപ്തികരമല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കലിംഗ യൂണിവേഴ്സിറ്റി റായ്പൂർ പൊലീസിൽ പരാതി നൽകില്ലെന്നാണ് വിവരം. വിഷയത്തിൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം. നിഖിൽ തോമസിനെതിരെ ഇന്നലെ കായംകുളം പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകിയിട്ടുണ്ട്.