തൃശൂര്‍ : കേരള വര്‍മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹരസമരത്തിന് കലക്ടറേറ്റിന് മുന്പില് തുടക്കം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഒരു കാമ്പസിലെ കുട്ടികളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തവര്‍ കൊടിയില്‍ ജനാധിപത്യം എന്നെഴുതി ആ വാക്കിനെ അപമാനിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സുരക്ഷിതമെന്ന് എസ്എഫ്ഐ കരുതിയിരുന്ന കോട്ടകള്‍ പൊളിയുന്നതിന്റെ സൂചനകളാണ് കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളജുകളില്‍ നടന്ന യൂണിയന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ഇതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എസ്.എഫ്.ഐ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ്. ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.