കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ ചെയര്മാന് ചുമതലയേല്‍ക്കുന്നത് തടയാതെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചുള്ള കെഎസ്യു ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ കോടതി തയാറായില്ല. എന്നാല്‍ എസ്എഫ്ഐ ചെയര്മാന് അനിരുദ്ധന് ചുമതലയേറ്റാലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കേരളവര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ തന്റെ വിജയം തടഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് ആരോപിച്ചാണ് കെഎസ്യു ചെയര്മാന് സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഹൈക്കോടതിയെ സമീപിച്ചത്.ആദ്യം ഒരു വോട്ടിന് താനാണ് വിജയിച്ചത്. എന്നാല്‍ റീകൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധനെ വിജയിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. റീ കൗണ്ടിങ്ങില്‍ മാനേജരുടെ ഇടപെടല്‍ ഉണ്ടായെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിജയിയായി പ്രഖ്യാപിച്ചതിന് രേഖകള്‍ ഉണ്ടോ എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. എന്നാല്‍ വാക്കാലായിരുന്നു പ്രഖ്യാപനമെന്നായിരുന്നു മറുപടി.
ചെയര്മാന് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ എത്ര വോട്ടുകള്‍ പോള്‍ ചെയ്തെന്നത് സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കാതെ ഇടക്കാല ഉത്തരവിലേക്ക് പോകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്കി. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.