തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിൽ പങ്കെടുത്ത പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും വിസിയും സമ്മിൽ വാക്കേറ്റമുണ്ടായി. യോഗത്തിൽ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. യോഗം വിളിച്ചത് താനാണെന്നും അധ്യക്ഷൻ താനാണെന്നും വിസി മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. അതേസമയം, തനിക്ക് അതിനുള്ള അധികാരമുണ്ടെന്ന് മന്ത്രിയും അറിയിച്ചു.
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതിനുപിന്നാലെ പ്രമേയം പാസായെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചു. എന്നാൽ, പാസായില്ലെന്ന് വിസി അറിയിച്ചു. ചർച്ചയില്ലാതെ എങ്ങനെ പ്രമേയം പാസാക്കുമെന്ന് പ്രതിപക്ഷം ചോദിച്ചു.ഇതോടെ യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും പിരിഞ്ഞുപോകാൻ പ്രതിപക്ഷാംഗങ്ങൾ കൂട്ടാക്കിയില്ല. തർക്കത്തിനൊടുവിൽ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാതെ യോഗം പിരിഞ്ഞു.
സെർച്ച് കമ്മിറ്റിയുടെ ഘടന തന്നെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയിട്ടുണ്ട്. അത് രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. അതുകൊണ്ട് ഇപ്പോൾ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്ന നടപടി നിയമവിരുദ്ധമാണെന്നാണ് ഇടത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇതിനെതിരേ ഗവർണറുടെ നോമിനികളായ 11 പേർ വലിയ പ്രതിഷേധമാണുയർത്തിയത്. സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുത്തേ മതിയാകൂ എന്നും ഹൈക്കോടതിയുടെ നിർദേശംകൂടിയുണ്ട് എന്ന നിലപാട് അവർ സ്വീകരിച്ചതോടെ രൂക്ഷമായ വാക്പോര് യോഗത്തിലുണ്ടായി.