

തിരുവനന്തപുരം : ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് രജിസ്ട്രാറുടെ റിപ്പോർട്ട്. രജിസ്ട്രാറുടെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തത്. സംഘാടകർ നിബന്ധന ലംഘിച്ചു എന്ന് പിആർഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസ് ഓഫീസിലെത്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നും രജിസ്ട്രാറുടെ റിപ്പോർട്ട്.
ഗവർണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ റിപ്പോർട്ടിൽ വ്യക്തമാക്കി. ഗവർണർ എത്തുമെന്ന് അറിയിച്ച ശേഷം പരിപാടി തടഞ്ഞിട്ടില്ല. രജിസ്ട്രാർ എന്ന നിലയ്ക്കാണ് പൊലീസിൽ പരാതി നൽകിയത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിസി സ്വന്തം കുറിപ്പ് കൂടി ചേർത്ത് റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കും.
വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിസി രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. പരിപാടിയിൽ സംഘാടകർ കരാർ ലംഘിച്ചതിനാൽ പരിപാടി നിർത്തിവയ്ക്കാൻ രജിസ്റ്റർ ആവശ്യപ്പെടുകയും, രാജ്ഭവനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം പരിപാടി തുടർന്നതിനാലാണ് അനധികൃതമായി പരിപാടി നടത്തിയെന്ന് കാണിച്ച് രജിസ്റ്റർ ഡിജിപിക്ക് കത്ത് നൽകിയത്.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉൾപ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി നടത്താൻ കഴിയില്ലെന്ന് രജിസ്ട്രാർ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പരിപാടിയിൽ പങ്കെടുത്തിരുന്നു.