തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും. 18 മുതൽ ഒക്ടോബർ എട്ടുവരെയാണ് മേഖല തിരിച്ച് റേഷൻ ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി പുതുക്കുന്നത്. മാർഗനിർദേശങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാകാത്ത പക്ഷം ഭക്ഷ്യധാന്യവിഹിതത്തിലും സർക്കാറിന് സബ്സിഡിയിലും കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ അന്ത്യശാസനം.സംസ്ഥാന ഐ.ടി മിഷന്റെ സർവറിലെ തകരാറിനെ തുടർന്ന് മാർച്ച് 17ന് മസ്റ്ററിംഗ് നിറുത്തിവയ്ക്കുകയുമായിരുന്നു. മഞ്ഞ, പിങ്ക് കാർഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം.
#മസ്റ്റർ ചെയ്യാനുള്ളവർ 1.54 കോടി
41.38 ലക്ഷം മഞ്ഞ, പിങ്ക് കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനി മസ്റ്റർ ചെയ്യാനുള്ളത്. കാർഡിലെ അംഗങ്ങൾ ഇ-പോസിൽ വിരൽ അമർത്തുമ്പോൾ മസ്റ്ററിംഗ് പൂർത്തിയാകും. മാർച്ച് 17 വരെ 45.87 ലക്ഷം പേരുടെ മസ്റ്ററിംഗ് നടത്തിയിരുന്നു.
കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെയ്യണം
# അനുവദിച്ച ദിവസങ്ങളിൽ സ്കൂളുകൾ, അങ്കണവാടികൾ, തുടങ്ങി സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കണം.
#റേഷൻ കടകളിൽ മസ്റ്ററിംഗ് നടത്തുമ്പോൾ റേഷൻ വിതരണത്തിന് തടസം വരാത്തരീതിയിൽ ക്രമീകരണം നടത്താൻ താലൂക്ക് സപ്ലൈ ഓഫീസർമാർ ശ്രദ്ധിക്കണം.
# കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തണം.
# അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒമ്പതിന് താലൂക്ക് സപ്ലൈ ഓഫീസർമാർ ജില്ല സപ്ലൈ ഓഫീസർമാർക്ക് നൽകണം
മസ്റ്ററിംഗ് തീയതികൾ
#സെപ്തംബർ 18 – 24: തിരുവനന്തപുരം ജില്ല
# 25- ഒക്ടോ.1: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ
#ഒക്ടോ. 3-8: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം,കാസർകോട്
നീല, വെള്ള കാർഡുകാർക്ക് ബാധകമല്ല
വെള്ള, നീല റേഷൻ കാർഡിലെ അംഗങ്ങൾക്ക് നാളെ തുടങ്ങുന്ന മസ്റ്ററിംഗ് ബാധകമല്ല.അവർക്ക് മസ്റ്ററിംഗിനായുള്ള തിയതികൾ പിന്നീട് പ്രഖ്യാപിക്കും. നിലവിലെ മസ്റ്ററിംഗ് കഴിവതും റേഷൻ കടകളിൽ വച്ചു തന്നെ നടത്താൻ കഴിയുമെന്ന് ഭക്ഷ്യവകുപ്പ്മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അവിടത്തെ ഏതെങ്കിലും റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താം.