തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. 20 മണ്ഡലങ്ങളിലായി 194 പേരാണ് മത്സരിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറു വരെയാണു സമയം.
യുഡിഎഫും എൽഡിഎഫും എൻഡിഎയും അതിശക്തമായി മത്സരരംഗത്തുള്ള സംസ്ഥാനത്ത് ഇത്തവണ പല മണ്ഡലങ്ങളിലും കടുത്ത ത്രികോണ മത്സരമാണു നടക്കുന്നത്. വാശിയേറിയ പ്രചാരണം നടന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2019 ൽ 77.67 ശതമാനം പേരാണ് കേരളത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. ഇത്തവണയും അതിൽ കുറയാൻ സാധ്യത കാണുന്നില്ല. ഇത്തവണ 2.77 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5,34,394 പേർ 18-19 പ്രായത്തിലുള്ള കന്നിവോട്ടർമാരാണ്.നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്നലെ മുന്നണികളും സ്ഥാനാർഥികളും പരമാവധി പേരെ കാണാനും പ്രമുഖരുടെ പിന്തുണ തേടാനുമുള്ള അവസാനവട്ട പ്രവർത്തനങ്ങളിലായിരുന്നു.