തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ മഴമേഘങ്ങൾ മാറി നിന്നതോടെ, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഓഗസ്റ്റിൽ ആകെ ലഭിച്ചത് ആറു സെന്റി മീറ്റർ മഴ മാത്രമാണ്.
1911 ൽ 18.2 സെന്റി മീറ്റർ മഴ ലഭിച്ചതാണ് ഇതിനു മുമ്പ് ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ മഴ. ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവുണ്ട്. മുൻവർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു. മഴയും നീരൊഴുക്കും കുറഞ്ഞതോടെ, ഇടുക്കി അണക്കെട്ടിൽ 29.32 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ 57.69 അടി വെള്ളം കുറവ്. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്പാദനം നിലയ്ക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.