തിരുവനന്തപുരം : അന്തരിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ വീട്ടിലും ,10 മുതൽ 12.30 വരെ കെഎസ്എഫ്ഡിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും.
സിനിമ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷാജി എൻ കരുൺ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാൻ ഫെസ്റ്റിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ച ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫെസ്റ്റിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെക്കപ്പെട്ട ഏക മലയാള സിനിമയായിരുന്നു. സിനിമമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നതപുരസ്കാരമായ ജെസി ഡാനിയേൽ ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എൻ കരുണിന്റെ അവസാന പൊതുപരിപാടി.