തിരുവനന്തപുരം: ദൂരദർശനിൽ കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും രംഗത്തുവന്നു.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘’കേരള സ്റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ്. .’’ സതീശൻ പറഞ്ഞു.
കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിലപാടിനെ വിമർശിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.