തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക. പുരസ്കാര പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള മത്സരത്തിൽ ശക്തമായി രംഗത്തുണ്ട്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനവുമായി അലൻസിയർ ലോപ്പസും മത്സരരംഗത്തുണ്ട്. ഒപ്പം മലയൻകുഞ്ഞിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെയും പരിഗണിക്കുന്നു.
രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിൻസി അലോഷ്യസും ആട്ടം എന്ന സിനിമയിലൂടെ സെറിൻ ഷിഹാബും അപ്രതീക്ഷിതമായി അവസാന റൗണ്ടിലെത്തി. സൗദി വെള്ളയ്ക്കയിലെ അഭിനയം ദേവി വർമ്മയെ ഇവർക്കൊപ്പം എത്തിച്ചിട്ടുണ്ട്. ദേവി വർമ്മയെ സഹനടിക്കുള്ള പുരസ്കാരത്തിനും പരിഗണിക്കുന്നുണ്ട്. നടിക്കുള്ള അവാർഡ് പങ്കുവയ്ക്കണമെന്ന അഭിപ്രായവും ജൂറിയിൽ ഉണ്ട്.
ലിജോ ജോസ് പെല്ലിശേരി, ഡോ. ബിജു(അദൃശ്യ ജാലകങ്ങൾ), ഖാലിദ് റഹ്മാൻ(തല്ലുമാല) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാര പട്ടികയിൽ മുൻപന്തിയിലുള്ളത്.മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, തരുൺ മൂർത്തിയുടെ സൗദി വെള്ളയ്ക്ക, മഹേഷ് നാരായണന്റെ അറിയിപ്പ്, ഷാഹി കബീറിന്റെ ഇല വീഴാ പൂഞ്ചിറ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് മൂന്ന് അവാർഡുകൾ നേടുമെന്നാണ് സൂചന. തല്ലുമാല, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങൾ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമാകാനുള്ള കടുത്ത പോരാട്ടത്തിലാണ്.
മത്സരത്തിനായി സമർപ്പിക്കപ്പെട്ട 156 ചിത്രങ്ങളിൽ നിന്ന് രണ്ട് ഉപസമിതികൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചത് ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയർമാനായ അന്തിമ ജൂറിയാണ്. ഉപസമിതികളിലെ ചെയർമാൻമാർക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.