ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ആരോപണം തെളിയിക്കാൻ ആവശ്യമായ എന്ത് തെളിവുകളാണുള്ളതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ.എം. സുന്ദരേശ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് കേസ് തള്ളിയത്.
ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.അവാർഡ് നിർണയത്തിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയുടെയും ചെയർമാന്റെയും ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് ജൂറി അംഗങ്ങൾ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ സമഗ്ര അന്വേഷണം വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ആരോപണത്തിന് എന്തു തെളിവാണുള്ളതെന്നും ഇത് പൊതുതാൽപര്യമുള്ള വിഷയമല്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.