പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്. ട്രാൿസൺ ജിയോ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ വര്ഷം കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനികൾ 40 ശതമാനം പ്രാരംഭ മൂലധനം സമാഹരിച്ചതായുള്ളത്. 2022 ൽ 155 കോടി രൂപക്കുമേൽ ആയിരുന്ന നിക്ഷേപം കഴിഞ്ഞ വർഷം 217 കോടി രൂപക്ക് മുകളിലേക്ക് വളർന്നു.
അവാന ക്യാപിറ്റൽ അഡൈ്വസേഴ്സ്, 9 യൂണികോൺസ്, ഹഡിൽ എന്നിവരാണ് സീഡ്-സ്റ്റേജ് റൗണ്ടുകളിലെ ഏറ്റവും സജീവമായ നിക്ഷേപകർ. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ 2023 ൽ 275 കോടി രൂപ സമാഹരിച്ചു. 2022 ൽ സമാഹരിച്ച 239 കോടി രൂപയിൽ നിന്ന് 15% വർദ്ധനവ്. ഫുഡ് & അഗ്രികൾച്ചർ ടെക്-അനുബന്ധ സ്റ്റാർട്ടപ്പുകളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 2022 ലെ 16.5 കോടി രൂപയിൽ നിന്ന് 266% വർധിച്ച് 2023 ൽ 61 കോടിയോളമായി . റീട്ടെയിൽ മേഖല 2023 ൽ 32 കോടി രൂപയുടെ ഫണ്ടിംഗ് നേടി. എഡ്യു ടെക് മേഖലയിലെ ഫണ്ടിംഗിൽ കേരളത്തിന് തിരിച്ചടി ലഭിച്ചു. 2022-ലെ 59 കോടിയിൽ നിന്ന് 2023-ൽ 28 കോടിയായി കുറഞ്ഞു.
നഗരങ്ങളിൽ, ഫണ്ടിംഗിൽ കൊച്ചിയാണ് മുന്നിൽ, സംസ്ഥാനത്ത് ആകെ സമാഹരിച്ച ഫണ്ടിൻ്റെ 87%വും കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളാണ് സമാഹരിച്ചത്. 240 കോടി രൂപ . ആലപ്പുഴയും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരള ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 2023 ൽ ആറ് ഏറ്റെടുക്കലുകൾക്ക് സാക്ഷ്യം വഹിച്ചു, മുൻ വർഷത്തെ രണ്ടിൽ നിന്ന് നേരിയ പുരോഗതി.ഇന്ത്യയിലെ മറ്റ് സ്റ്റാർട്ടപ്പ് ലാൻഡ്സ്കേപ്പുകളിൽ കേരള ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 11-ാം സ്ഥാനത്താണ്.