കേരള നിയമസഭയിൽ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്പീക്കർ എ.എൻ.ഷംസീർ ആദരിക്കുന്നു. മറാത്തി സാഹിത്യകാരൻ ശരൺകുമാർ ലിംബാളെ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമീപം.
കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാൾ. ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല.
ഞാൻ ജനിക്കുന്നതിനു മുൻപു നിയമസഭാ സാമാജികനായ വ്യക്തിയാണ് അദ്ദേഹം. തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക, ഉമ്മൻചാണ്ടിക്കു മാത്രം സാധ്യമായ ഒന്നാണ്. ഇനി അങ്ങനെയൊരു റെക്കോർഡ് ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേൾക്കാൻ തയാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ഏത് അവശതകൾക്കിടയിലും അദ്ദേഹം തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തി. വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട്, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണ്.